visit www.newsindiastar.com

കമ്മ്യൂണിസത്തില്‍ നിന്ന് ഹൈന്ദവ പുനരുജ്ജീവനത്തിലേക്ക്- അനുസ്മരണങ്ങളില്ലാതെ റാം സ്വരൂപിന്റെ നൂറാം ജന്മദിനം- എം ശശിശങ്കര്‍ എഴുതുന്നു

എം ശശിശങ്കര്‍

12/10/2020 റാം സ്വരൂപ് ഒരു ഹിന്ദു റിവൈവലിസ്റ്റിന്റെ നൂറാം ജന്മദിനം.
മാര്‍ക്‌സിസ്റ്റ് സാഹിത്യവും പാശ്ചാത്യ തത്വചിന്തയുമൊക്കെ അരക്കി കലക്കി കുടിച്ച വ്യക്തിയായിരുന്നു ശ്രീ രാം ഗോയല്‍. കല്‍ക്കട്ടയിലെ അദ്ദേഹത്തിന്റെ സുഹൃദ് വലയം മുഴുവനും കമ്യൂണിസ്റ്റുകളും ‘പുരോഗമനവാദി’കളുമായിരുന്നു. 1948ലെ കല്‍ക്കട്ടാ തീസിസ് അവതരിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം സന്നിഹിതനായിരുന്നു. ആ ത്രില്ലിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. അതിനായി ഒരു നിശ്ചിത ദിവസം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിന്റെ സുഹൃത്ത് നിര്‍ദേശിച്ചിരുന്നു. 1948ല്‍ ആ ദിവസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്. പാര്‍ട്ടി ഓഫീസിന്റെ അടുത്ത പ്രദേശത്തെവിടെയും പോകേണ്ട എന്ന് സുഹൃത്ത് വിളിച്ചറിയിച്ചു.
ഇതിനടുത്ത ദിവസമാണ് സുഹൃത്തായ റാം സ്വരൂപ് , ഗോയലിനെ കാണാന്‍ എത്തുന്നത്. ഏതാനും മാസങ്ങള്‍ അദ്ദേഹം കല്‍ക്കത്തയില്‍ ഗോയലിനോടൊപ്പം താമസിച്ചു. ഈ കാലഘട്ടത്തില്‍ എല്ലാ ദിവസവും ഇവര്‍ രണ്ടു പേരും നിരന്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഗോയല്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തും രാം സ്വരൂപ് അതിനെതിരെയും. രാം സ്വരൂപിന്റെ ഏതാനും മാസത്തെ താമസത്തോടെ ഗോയല്‍ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായിത്തീര്‍ന്നു. പിന്നീട് ഒരിക്കലും തിരിച്ചു ആ വഴിക്ക് പോയില്ല.
1920ല്‍ ഹരിയാനയിലെ സോനിപത്തില്‍ ജനിച്ച രാം സ്വരൂപിന്റെ കുടുംബം ബാങ്കര്‍മാരായിരുന്നു. ഡല്‍ഹി യൂനിവേസ്സ്രിറ്റിയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. അസാമാന്യ ബുദ്ധിശാലിയായിരുന്ന വിദ്യാര്‍ഥി.. ഗന്ധിജിയിലും സ്വാതന്ത്ര്യ സമരത്തിലും ആകൃഷ്ടനായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരമുള്‍പ്പെടെ സ്വാതന്ത്ര്യ സമരത്തിലെ പല ഘട്ടങ്ങളിലും പങ്കെടുത്തു. ഇടയ്ക്ക് പോലീസ് പിടിയിലായിട്ടുമുണ്ട്.
ഡല്‍ഹിയിലെ ‘പുരോഗമന’ വൃത്തങ്ങളില്‍ സോഷ്യലിസ്റ്റ് ആയി അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. രാം സ്വരൂപ്. തികഞ്ഞ നാസ്തികന്‍. ആല്‍ഡസ് ഹക്സ്ലി, ബെര്ട്രാന്‍ഡ് റസ്സല്‍ എന്നിവരോടായിരുന്നു അടുപ്പം. . ചെഞ്ചെഴ്‌സ് ക്ലബ് എന്ന പേരില്‍ ചെറുപ്പക്കാരായ ബുദ്ധി ജീവികളുടെ ഒരു ഫോറം തുടങ്ങി. തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കാനാണ്, മാറ്റാനല്ല ശരമിക്കുന്നത് എന്ന് പറഞ്ഞ കാള്‍ മാര്‍ക്‌സിനെ അനുസ്മരിക്കുന്നതായിരുന്നു പേര്. പില്ക്കാലത്ത് പ്രശസ്തരായ പലരും അതില്‍ അംഗങ്ങളായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം ക്ലബ് അംഗങ്ങള്‍ പല മേഖലകളിലായി ചിതറിപ്പോയി. സ്വാതന്ത്ര്യത്തിനു ശേഷം കുറച്ചു കാലം ഗാന്ധിജിയുടെ യൂറോപ്പ്യന്‍ ശിഷ്യയായ മീരാ ബെഹനോടൊപ്പം ഒരു പുസ്തകത്തിന്റെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ഋഷികേശില്‍ ചിലവഴിച്ചു. . ജീവിതകാലം മുഴുവനും ഗന്ധിയനായി തുടര്‍ന്നു.
ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനു കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അകല്‍ച്ച തോന്നി തുടങ്ങിയത്. വിഭജനത്തിനെ അനുകൂലിച്ച കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നത് അത് മുസ്ലീം സമുദായത്തിന്റെ സാമൂഹ്യ ഉന്നതിക്ക് ഉപകരിക്കും എന്നാണു. പക്ഷെ മുസ്ലീം സമുദായത്തിലെ സമ്പന്ന വിഭാഗത്തിനു മാത്രമേ ഉപകരിക്കൂ എന്നായിരുന്നു രാം സ്വരൂപിന്റെ വാദം. വിഭജനത്തെ അദ്ദേഹം ശക്തിയായി എതിര്‍ത്തു.
ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ കല്‍ക്കത്തയില്‍, സീതാ രാം ഗോയലുമോത്തു അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സൊസൈറ്റി രൂപീകരിച്ചു. സ്വരൂപിന്റെ Russian Imperialism: How to stop It തുടങ്ങി പല പഠനങ്ങളും ഈ സൊസൈറ്റിയാണ് പ്രസിദ്ധീകരിച്ചത്.
ഇതേ ലക്ഷ്യത്തോടെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ ആരംഭിച്ച ഡെമോക്രാറ്റിക് റിസേര്‍ച് സര്‍വീസിലും പ്രവര്‍ത്തിച്ചു.
Let us Fight the Communist Menace(!949), Communism and Peasatnry, Implications of Collectivist Agriculture for Asian Coutnries (1950), Gandhism and Communis(1954), Foundations of Maoism(1956) എന്നിവയാണ് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഗ്രന്ഥങ്ങള്‍. ഇവയൊക്കെ അന്താരാഷ്ട്ര തലത്തില്‍ വായിക്കപ്പെട്ടിരുന്നു.
അന്പതുകളിലെ ഇന്ത്യയിലെ ധൈഷണിക എക്കോ സിസ്റ്റം മാര്‍ക്‌സിസത്തിനും മാവോയ്ക്കും ഹല്ലേലൂയ പാടുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുക എന്നത് അന്നത്തെ നെഹ്രൂവിയന്‍ ഡല്‍ഹിയില്‍ ഒരു ബുദ്ധിജീവിക്ക് ആത്മഹത്യാപരമായിരുന്നു. അവിടെ രാം സ്വരൂപ് നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. .പോളിട്ടിക്കലി കറക്റ്റ് ആകാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. വസ്തുതകള്‍ നിരത്തി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ പരാജയം ശ്രദ്ധയില്‍ കൊണ്ട് വന്ന അദ്ദേഹത്തോട് മറു പക്ഷത്തിനു വാദിക്കാന്‍ എളുപ്പമായിരുന്നില്ല. . കൂടുതല്‍ എളുപ്പം അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. കമ്മ്യൂണിസത്തിനെതിരെ അന്ന് അദ്ദേഹം എഴുതിയത് മുഴുവനും പ്രവചനാത്മകമായിരുന്നു എന്ന് പലരും ഇപ്പോള്‍ അനുസ്മരിക്കുന്നുണ്ട്. കമ്മ്യൂണിസത്തിലെ അടിമവേലയെപ്പറ്റി താന്‍ മനസ്സിലാക്കിയത് രാം സ്വരൂപില്‍ നിന്നാണെന്ന് ഗോയല്‍ അനുസ്മരിക്കുന്നുണ്ട്. ഗുലാഗുകളില്‍ പാര്‍ട്ടി വിരുദ്ധരെയും മറ്റും നിര്‍ബന്ധിതമായി, ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കുന്നതിനെയാണ് അടിമവേല എന്ന് പറഞ്ഞത്. ഇന്ത്യന്‍ ബുദ്ധിജീവികള്‍ ഇതൊക്കെ ‘അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ’ പ്രചാരണമായാണ് അക്കാലത്ത് കണ്ടത്.
Foundations of Maoism പ്രസിദ്ധീകരിച്ചത് 62ലെ ചൈനീസ് ആക്രമണത്തിനു ശേഷമാണെങ്കിലും, അതിലെ ലേഖനങ്ങള്‍ പലതും അദ്ദേഹം അന്‍പതുകളില്‍ തന്നെ എഴുതിയതാണ്. ചൈന ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികളെപ്പറ്റി അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിലിട്ടറി മാത്രമല്ലാ, പ്രത്യയശാസ്ത്രവും ആയുധമാക്കുന്നവരാണ് ചൈനക്കാര്‍. അവരുടെ അഞ്ചാംപത്തിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. സൈന്യത്തെ ഉപരോധിക്കുന്നതിനോപ്പം പ്രത്യയശാസ്ത്രത്തെയും ഉപരോധിക്കണം.
അക്കാലത്ത് സോവിയറ്റ് യൂണിയനില്‍ നിന്ന് ധാരാളം പ്രോപ്പഗാണ്ടാ പ്രസിദ്ധീകരണങ്ങളും അമേരിക്കയില്‍ നിന്ന് ഭക്ഷണ സാമഗ്രികളും സാമ്പത്തിക സഹായങ്ങളും സൌജന്യമായി ലഭിച്ചിരുന്നു. തലയ്ക്ക് വേണ്ടത് കമ്യൂണിസ്റ്റുകളും അടുക്കളക്കും വീടിനും വേണ്ടത് അമേരിക്കക്കാരും നല്‍കുന്നു എന്ന് അദ്ദേഹം കളിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഗാന്ധിസം ആന്‍ഡ് കമ്മ്യൂണിസം എന്ന ഗ്രന്ഥം അമേരിക്കന്‍ പ്രസിഡന്റ്‌റ് ഐസനോവര്‍ ഉള്‍പ്പെടെയുള്ള ആഗോള തലത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
മാര്‍ക്‌സിന്റെ വര്‍ഗ്ഗ സമര സിദ്ധാന്തത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും രാം സ്വരൂപ് അന്വേഷിച്ചിരുന്നത് വര്‍ഗ്ഗങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതാണ് . ഇതിനു സാമ്പ്രദായിക മാര്‍ക്‌സിസ്റ്റുകള്‍ നല്‍കുന്ന ഉത്തരം അദ്ദേഹത്തെ ത്രിപ്തിപ്പെടുത്തിയില്ല. ദേശീയ സംഘര്‍ഷങ്ങളിലൂടെയാണ് വര്‍ഗ്ഗങ്ങള്‍ ഉണ്ടായത് എന്നായിരുന്നു അദ്ദേഹം കരുതിയത്. ഒരു വിഭാഗത്തെ കീഴടക്കി അധീശത്വം സ്ഥാപിക്കുന്നവര്‍ കീഴടക്കപ്പെട്ടവരുടെ ഉല്‍പ്പാദനോപാദികള്‍ കയ്യടക്കുന്നു. അതുകൊണ്ട് ദേശീയ സംഘര്‍ഷങ്ങള്‍ക്ക് വര്‍ഗ്ഗ സന്ഘര്‍ഷങ്ങളെക്കാള്‍ പ്രാധാന്യം അദ്ദ്‌ധേഹം നല്‍കിയിരുന്നു. ഇതൊക്കെയാണെങ്കിലും ദേശീയവാദം സങ്കുചിതമാകുന്നത് രാം സ്വരൂപ് അന്ഗീകരിചിരുന്നില്ല. സത്യത്തിനു പുറത്തു നില്‍ക്കുന്നവരായിരുന്നു അദ്ദേഹത്തിനു ‘വിദേശികള്‍’ അഥവാ ആത്മാവിനു പുറത്തു.( foreign to േൃൗth, foreign to Atma).
ഒരു കാലത്ത് മാക്‌സിസ്റ്റ് സൈദ്ധാന്തികര്‍ വരെ അദ്ദേഹത്തെ സന്ദര്‍ശിച്ചു സംവാദങ്ങള്‍ നടത്തിയിരുന്നു. സംവാദങ്ങളുടെ നിലവാരം താഴ്ന്നു കൊണ്ടിരുന്ന സ്ഥിതിയില്‍ രാം സ്വരൂപ് അതില്‍ നിന്നൊക്കെ പിന്നീട് പിന്മാറി. എഴുപതുകളോടെ പൂര്‍ണ്ണമായും മതങ്ങളെപ്പറ്റിയുള്ള പഠനങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. അന്നത്തെ പ്രമുഖ പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നിരന്തരം ലേഖനങ്ങള്‍ എഴുതി.
ആദ്യകാലത്ത് കമ്മ്യൂണിസത്തിന് ബദലായി അദ്ദേഹം കരുതിയത് ഗന്ധിസത്തെയാണ്. ‘ഗാന്ധിയന്‍ എക്കണോമിക്‌സ്’ എന്ന ചെറു പുസ്തകം ഈ ഘട്ടത്തില്‍ രചിച്ചതാണ്. 1971ല്‍ എ.ബി.വി.പി. സമ്മേളനത്തില്‍ അദ്ദേഹം പ്രസന്ഗിച്ചതും, പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതുമായ The Hindu View of Education ഗാന്ധിജിയുടെ ഹിന്ദു മത വീക്ഷണത്തില്‍ നിന്നുകൊണ്ടാണ്. പിന്നീട് ഹിന്ദു മതത്തെപ്പറ്റി കൂടുതല്‍ സമഗ്രമായ ഒരു വീക്ഷണം അദ്ദേഹം രൂപപ്പെടുത്തി എന്നാണു കോണ്‍റാഡ് എല്സ്റ്റ് പറയുന്നത്. അംബേദ്കര്‍ പലരെയും ബുദ്ധമതത്തിലേക്ക് നയിച്ച കാലഘട്ടത്തിലാണ് അദ്ദേഹം Buddhism visavis Hinduism രചിച്ചത്.
The word as revelation : Name of Gods(1980), Hinduism visa vis Christiantiy and Islam(1982), Christiantiy, an Imperialist ideology(1983), Understanding Islam through Hadis(1984) എന്നിവയാണ് ഈ കാലഘട്ടത്തില്‍ രചിച്ചത്.
ഇസ്ലാമിനെപ്പറ്റിയുള്ള പുസ്തകത്തിന്റെ പ്രസാധനത്തിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഈ പുസ്തകത്തിന്റെ ഇന്ഗ്ലീഷ് പതിപ്പ് വിദേശത്താണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഇന്ത്യയിലും. ആര്‍ക്കും പരാതിയോന്നുമില്ലായിരുന്നു. 1985ല്‍ ഹിന്ദി പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പുസ്തകം ബൈന്ഡ് ചെയ്യാന്‍ ഏല്‍പ്പിച്ച പ്രസ്സിന് പുറത്തു ആള്‍ക്കൂട്ടം തടിച്ചു കൂടി പ്രസ്സിന് തീ വെക്കും എന്നൊക്കെ ഭീഷണി മുഴക്കി. പുസ്തകവും ബൈന്ടറും , പ്രസാധകനായ സീതാരാം ഗോയലും പോലീസ് കസ്സ്റ്റഡിയിലായി. ദില്ലിയിലെ കോണ്ഗ്രസ് ഭരണകൂടം രണ്ടു കമ്മിറ്റികളെ നിയോഗിച്ചു പുസ്തകം ഇന്ഗ്ലീഷ് ഒറിജിനലില്‍ നിന്ന് വ്യത്യസ്തമാണോ, അതില്‍ ഇസ്ലാമിന് ആക്ഷേപകരമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍. രണ്ടു കമ്മിറ്റികളും റിപ്പോര്‍ട്ട് നല്‍കി. കുഴപ്പമില്ല. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ പറയുന്നതല്ലാതെ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. കോടതി കേസ് തള്ളാവുന്നതാണ്. പക്ഷെ, പ്രവാചകനെ നിന്ദിച്ചു എന്ന് ആക്ഷേപിച്ചു ജമാ അത്തെ ഇസ്ലാമി മുറവിളി കൂട്ടി. മുസ്ലീങ്ങള്‍ ആരെങ്കിലും ഹാജരായി അവരുടെ വാദം കോടതിയെ ബോധ്യപ്പെടുത്താന്‍കോടതി കുറച്ചു കൂടി സമയം നല്‍കി.. ആരും ഹാജരായില്ല. കേസ് കോടതി തള്ളി. പക്ഷെ തമാശ അതല്ല, ദില്ലി ഭരണകൂടം കോടതി വിധിയെ മറികടന്നു ഹിന്ദി പരിഭാഷ മാത്രമല്ലാ, ഇന്ഗ്ലീഷും നിരോധിച്ചു. ഇന്ഗ്ലീഷ് എഡീഷന്‍ ഇറങ്ങിയിട്ട് അപ്പോഴേക്കും പത്തു വര്‍ഷമായിരുന്നു. വായിക്കെണ്ടവരൊക്കെ വായിച്ചിരുന്നു.
1998ലാണ് രാം സ്വരൂപ് അന്തരിച്ചത്. അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല, വ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ചെങ്കിലും എന്തെങ്കിലും ജോലിയോ വ്യാപാരമോ ചെയ്തതായി അറിവില്ല. ഒരു സംഘടനയിലും, രാഷ്ട്രീയ പാര്‍ട്ടിയിലും മത സംഘടനയിലും അന്ഗമായില്ല. ഒരു കാലത്ത് നാസ്തികനായിരുന്ന അദ്ദേഹം യോഗയും ധ്യാനവുമോക്കെയായി തികച്ചും സ്വകാര്യമായ ജീവിതമായിരുന്നു പിന്നീട് നയിച്ചത് .ബെന്ഗാളി യോഗിയും പണ്ഡിതനുമായിരുന്ന ശ്രീ അനിര്‍വന്‍ജിയുമായി അടുപ്പം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഏതെങ്കിലും ആത്മീയ സമ്പ്രദായം പിന്തുടര്‍ന്നിരുന്നില്ല എന്ന് ഗോയലിന്റെ മരുമകന്‍ ഹരി കിരണ്‍ ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ചേര്‍ക്കാന്‍ വലിയ സംഭവങ്ങളോന്നുമില്ല. സീതാ റാം ഗോയലും, അരുണ്‍ ഷൂറിയും കോണ്‍റാഡ് എല്സ്റ്റും മറ്റു പലരും രേഖപ്പെടുത്തിയ ചില സംഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അനാവരണം ചെയ്യപ്പെടുന്നത്. വോയ്‌സ് ഓഫ് ഇന്ത്യ, എന്ന ഗോയലിന്റെ നേതൃത്വത്തില്‍ ഉള്ള പ്രസിദ്ധീകരണ ശാല ഇല്ലായിരുന്നെങ്കില്‍ രാം സ്വരൂപിനെ ആരെങ്കിലും അറിയുമായിരുന്നോ എന്ന് സംശയമാണ്. അറിയപ്പെടണം എന്ന ആഗ്രഹം തന്നെ ഉണ്ടായിരുന്നോ എന്നത് മറ്റൊരു കാര്യം. കോളേജില്‍ സീതാറാം ഗോയലിന്റെ സീനിയര്‍ ആയിരുന്ന രാം സ്വരൂപാണ് അന്നത്തെ പല വിദ്യാര്‍ഥി നേതാക്കള്‍ക്കും പ്രസംഗങ്ങള്‍ എഴുതിക്കൊടുത്തിരുന്നതെന്ന് ഗോയലിന് അറിയാമായിരുന്നു. ഗോയലിന്റെ ഒരു സുഹൃത്തിന്റെ പേരില്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി നിരവധി നല്ല കവിതകള്‍ എഴുതിക്കൊടുത്തത് രാം സ്വരൂപായിരുന്നു. രാം സ്വരൂപ് സ്വന്തം പേരില്‍ കവിതയൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. .മിനൂ മസാനിയുടെ പേരിലുള്ള ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം’ യഥാര്‍ഥത്തില്‍ രചിച്ചത് രാം സ്വരൂപാണ്. പരസ്യ സംവാദങ്ങളിലോ സന്ഘര്‍ഷങ്ങളിലോ അദ്ദേഹം ചെന്ന് ചാടിയില്ല. ഒരു സെന്‌സേഷനിലിസത്തിലെക്കും പോയില്ല. ഒരു മുനിയുടെ ജീവിതം നയിച്ച അന്തര്മുഖനായ ജീനിയസ്.
ഇപ്പോള്‍ ബ്രേക്കിംഗ് ഇന്ത്യ ശക്തികള്‍ എന്നു രാജീവ് മല്‍ഹോത്രയെപ്പോലെയുള്ളവര്‍ വിളിക്കുന്ന, ഭാരതീയ ചിന്തയുടെയും സംസ്‌കാരത്തിന്റെയും മൂന്നു പ്രധാനപ്പെട്ട വെല്ലുവിളികളെപ്പറ്റിയുള്ള വിശദമായ ബൌദ്ധിക പഠനങ്ങള്‍ ഇന്ത്യയില്‍ അതിനു മുന്‍പ് ആരും നടത്തിയിട്ടില്ല. ദയാനന്ദ സരസ്വതിയുടെ ഇസ്ലാമിനെപ്പറ്റിയുള്ള പഠനം ഭാഗികമാണ്. പിന്നീട് പഠനം നടത്താന്‍ തുനിഞ്ഞ സ്വാമി ശ്രദ്ധാനന്ദയെപ്പോലുള്ളവര്‍ കൊല്ലപ്പെട്ടു. രാജ്യാന്തര തലത്തില്‍ ശലമോവ്. സോള്‍ഷെനീറ്റ്‌സ്യന്‍ , ക്രാവ്‌ചെങ്കോ എന്നിവര്‍ സോവിയറ്റ് യൂണിയനിലെ ഭീകരവും മനുഷ്യത്വരഹിതമായ ഭരണ സംവിധാനത്തെപ്പറ്റി പുറം ലോകത്തെ അറിയിക്കുന്നതിനു മുന്‍പ് അവിടത്തെ കാര്യങ്ങളെപ്പറ്റി രാം സ്വരൂപ് എഴുതിയിരുന്നു. പലരും തൊടാന്‍ മടിച്ചിരുന്ന ഈ വിഷയങ്ങള്‍ പഠിക്കുകയും ക്രിസ്തുമതം, ഇസ്ലാം, കമ്മ്യൂണിസം,എന്നീ മൂന്നു പ്രത്യയശാസ്ത്രങ്ങളുടെയും യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ വൈഭവം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോള്‍ ആ വിഷയങ്ങള്‍ ക്രിട്ടിക്കലായി പഠിക്കുന്നവരിലോക്കെ കാണാം.
1998 ഡിസംബര്‍ 26നു ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണം. അദ്ദേഹത്തിന്റെ മരണം ഇന്ത്യക്ക് പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂറോപ്പിലെ നവ പാഗന്‍ പ്രസ്ഥാനങ്ങളിലെ പ്രമുഖനായ ക്രിസ്റ്റഫര്‍ ഗെരാര്ദ് അദ്ദേഹത്തെ കണ്ടിരുന്നത് വിവധ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പണിത വ്യക്തിയായാണ്. ‘ഹിന്ദു നവോത്ഥാനവും പാശ്ചാത്യ രാജ്യങ്ങളില്‍ ഉയര്‍ന്നു വരുന്ന പാഗന്‍ നവോത്ഥാനവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു’ അദ്ദേഹത്തിനു രാം സ്വരൂപ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഹിന്ദു ചിന്തകനും ഹിന്ദു റിവൈവലിസ്റ്റുമായ രാം സ്വരൂപിന്റെ നൂറാം ജന്മദിനം ഹിന്ദുക്കളും സംഘടനകളും ഓര്‍ക്കുന്നുണ്ടോ എന്നത് മറ്റൊരു കാര്യം. അല്ലെങ്കിലും അദ്ദേഹം ആള്‍ക്കൂട്ടത്തിന്റെ ആള്‍ ആയിരുന്നില്ല. മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, സൈദ്ധാന്തികന്‍ എന്നൊക്കെ നിരന്തരം കേള്‍ക്കുമ്പോഴും ഹിന്ദു ചിന്തകന്‍, സൈദ്ധാന്തികന്‍ എന്നീ പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയില്‍ പതിവില്ല. അരികുവല്‍ക്കരിക്കപ്പെട്ട, അവഗണിക്കപ്പെട്ട, ആ ചിന്തകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രബലനായ വ്യക്തിയാണ് രാം സ്വരൂപ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് ആശ്വാസം.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2FrFEyw
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive