
ഡൽഹി: സാമൂഹിക മാധ്യമ ഭീമൻ ട്വിറ്ററിന് വെല്ലുവിളിയുമായി ഒരു ഇന്ത്യൻ ആപ്. ടൂട്ടർ (Tooter) എന്ന പേരിലാണ് ഇന്ത്യൻ സാമൂഹിക മാധ്യമ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. ശംഖുനാദം എന്നാണ് ടൂട്ടർ എന്ന പദത്തിന്റെ അർത്ഥം.
തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ സാമൂഹിക മാധ്യമ ആപാണ് ടൂട്ടർ എന്ന് വെബ്സൈറ്റിൽ വിവരിച്ചിരിക്കുന്നു. അമേരിക്കൻ കമ്പനിയായ ട്വിറ്ററിന്റെ ഡിജിറ്റൽ കോളനി ആവേണ്ട ആവശ്യം ഇന്ത്യക്കില്ലെന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലായിരുന്നതിന് സമാനമായ ചരിത്രം ഇനി നമുക്ക് വേണ്ടെന്നും അതിനായി എല്ലാവരും ടൂട്ടറിൽ അംഗമാവണമെന്നും കമ്പനി അഭ്യർത്ഥിക്കുന്നു.
ട്വിറ്ററിൽ ട്വീറ്റുകൾ പങ്കു വെക്കുന്നതിന് സമാനമായി ടൂട്ടുകളാണ് ടൂട്ടറിൽ പങ്ക് വെക്കുന്നത്. ജൂലൈ മുതൽ ആപ് നിലവിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവർക്ക് ടൂട്ടറിൽ ഔദ്യോഗിക അക്കൗണ്ടുകൾ ഉണ്ട്. ബിജെപിക്കും ടൂട്ടറിൽ വെരിഫൈഡ് അക്കൗണ്ട് ഉണ്ട്.
ശംഖ് ആണ് ടൂട്ടറിന്റെ ഔദ്യോഗിക ലോഗോ. ട്വിറ്ററിലെ പക്ഷിയുടെ ചിഹ്നത്തിന് സമാനമാണ് ഇത്. ടൈം ലൈനും ഫോളോയിംഗും മറ്റ് എല്ലാ സവിശേഷതകളും ട്വിറ്ററിന് സമാനമാണ്. tooter.in എന്ന വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ടൂട്ടറിനുണ്ട്. നിലവിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ മാത്രമുള്ള ടൂട്ടറിന്റെ ഐ ഓ എസ് ആപ്ലിക്കേഷൻ ഉടൻ ലഭ്യമാകുമെന്നാണ് സൂചന.
ഇന്ത്യയുടെ ഭൂപടം തെറ്റായി അവതരിപ്പിച്ചതിന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ അടുത്തയിടെ വിശദീകരണം തേടിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നു എന്ന മറുപടി നൽകിയ ട്വിറ്റർ വിവാദ ഭൂപടത്തിന് മേൽ നടപടി സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നിരവധി പേർ ടൂട്ടർ ആപ് ഡൗൺലോഡ് ചെയ്തിരുന്നു.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3m3z5lD
No comments:
Post a comment
Please do not enter any spam link in the comment box.